Friday, March 14, 2008

ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് - ഒരു "ചെറിയ" കുറിപ്പ്

ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിന്റെ ആദ്യത്തെ പരിപാടിയെക്കുറിച്ചാണിത് . നമ്മള്‍ ( ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് - തിരുവനന്തപുരം) ആദ്യമായി മുന്‍കൈ എടുത്തു നടത്തിയ പരിപാടി നടന്നത് തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ വെച്ചാണ് .

അതിനു മുന്നെ ഇപ്പോഴുള്ള ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് - തിരുവനന്തപുരത്തെക്കുറിച്ച് ചിലത് പറയാനുണ്ട് . ഇപ്പോഴുള്ള എന്നു പറഞ്ഞതില്‍ കാര്യമുണ്ട്. ഇവിടെ മുന്‍പും ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പുകളുണ്ടായിട്ടുണ്ട് . അവയൊക്കെ പല കാരണങ്ങളാല്‍ നിന്നു പോയി എന്നതില്‍ കൂടുതല്‍ എനിക്കൊന്നുമറിയില്ല.

എന്തായാലും ഇപ്പോ ഉള്ള കൂട്ടായ്മ ഉണ്ടാകുന്നത് 2007 ഒക്ടോബറിലാണ് . പ്രതാപ് നിര്‍മ്മല്‍ ( പിവോട്ട് സിസ്റ്റംസ് , ടെക്നോപാര്‍ക് ) അതിനു കുറച്ച് ആഴ്ചകള്‍ക്ക് മുന്നെയാണ് തിരുവനന്തപുരത്ത് വരുന്നത് . പുള്ളി ഒരു ഗ്നു ലിനക്സ് യൂസര്‍ ആയതു കൊണ്ട് സ്വാഭാവികമായും തിരുവനന്തപുരത്ത് വന്നപ്പോള്‍ ഗ്നു ലിനക്സ് യൂസര്‍ ഗ്രൂപ്പിനെ കുറിച്ച് അന്വേഷിച്ചു. അങ്ങനെ ഒന്ന് തല്ക്കാലം ഇല്ല എന്നാണ് അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞത് . "ഓഹോ ? ഇല്ലേ ? എന്നാല്‍ ഉണ്ടാക്കിക്കളയാം " ഉറപ്പല്ലേ ? അദ്ദേഹം ലിനക്സ് യൂസറും പ്രോഗ്രാമറും ആണ് . എന്തേലും ഇല്ലെങ്കില്‍ അത് ഉണ്ടാക്കുന്ന കൂട്ടരാണ് ലിനക്സ് പ്രോഗ്രാമര്‍മ്മാര്‍. എന്തായാലും പുള്ളി അതങ്ങ് തുടങ്ങി .

പക്ഷെ പുള്ളി അതു ടെക്നോപാര്‍ക് ലിനക്സ് യൂസര്‍ ഗ്രൂപ്പ് ആയിട്ടാണ് തുടങ്ങിയത് . പൊതുജനാഭ്യര്‍ഥന പ്രകാരം അത് ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പ് - തിരുവനന്തപുരം ആയി.ആദ്യത്തെ മീറ്റിങ്ങ് പിവോട്ട് സിസ്റ്റംസിന്റെ ഓഫീസില്‍ വെച്ചു തന്നെ ആയിരുന്നു. പിന്നീട് ഞങ്ങള്‍ സ്പേസിലും , സിക്സ്വെയര്‍ ഓഫീസിലും ഒത്ത് ചേര്‍ന്നു. എല്ലാ പ്രാവശ്യവും പ്രതാപ് ഉണ്ടാരുന്നു. ആദ്യം പ്രോഗ്രാമ്മര്‍മാര്‍ മാത്രമേ ഉണ്ടാരുന്നുവെങ്കിലും പിന്നീട് കോളേജ് വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും അങ്ങനെ അങ്ങനെ ആള്‍ക്കാര്‍ ചേരാന്‍ തുടങ്ങി . ഇപ്പോഴും ഞങ്ങള്‍ എണ്ണത്തില്‍ കുറച്ചാണ് . എണ്ണം എന്ന് ഉദ്ദേശിച്ചത് ഗൂഗിള്‍ കൂട്ടത്തിലെ അംഗസംഖ്യ അല്ല. ഒത്തുചേരലുകളില്‍ പ്രത്യക്ഷപ്പെടുന്നവരുടെയും മെയിലിംഗ് ലിസ്റ്റില്‍ വര്‍ത്താനം പറയുന്നവരുടെയും എണ്ണമാണ്.

ഞങ്ങളുടെ ഉദ്ദേശം എന്താണെന്നോ ? വളരെ ലളിതം - സ്വതന്ത്രസോഫ്റ്റ്വേര്‍ ഉപയോഗിക്കാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുക , അതു ഉപയോഗിക്കുന്നവര്‍ക്ക് പറ്റാവുന്ന സഹായങ്ങള്‍ ചെയ്യുക. അതിനായി നമ്മള്‍ ഇങ്ങനെ ഒരു സാധനം ഉണ്ടെന്ന് ആള്‍ക്കാരെ അറിയിക്കണ്ടെ ? അതിന് ഒരു പാടു വഴികളുണ്ട് . തല്കാലം ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എഞ്ജിനീയറിംഗ് വിദ്യാര്‍ത്ഥികളോട് സ്വതന്ത്രസോഫ്റ്റ്വേറിനേക്കുറിച്ച് പറയുക എന്നതാണ്. അപ്പോ എന്തുകൊണ്ട് ഈ ഒരു പ്രത്യേക സംഘത്തോട് മാത്രം ഒരു പ്രതിപത്തി എന്നു ചോദിച്ചാല്‍ ഇപ്പോള്‍ ഈ കൂട്ടായ്മയിലുള്ളവരെക്കൊണ്ട് ഇവരെ പറഞ്ഞു മനസ്സിലാക്കിക്കുക എന്നതാണ് എളുപ്പം എന്നാണ് ഉത്തരം . ഞാന്‍ നേരത്തെ പറഞ്ഞില്ലേ , ആള്‍ക്കാര്‍ കുറവാണ്. ആളെണ്ണം കൂടിക്കഴിഞ്ഞാല്‍ നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാം. ആളെണ്ണം കൂട്ടുക എന്നതാണ് നേരത്തെ പറഞ്ഞ വലിയ ആ ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ ചെറിയ കാല്‍വെയ്പ്.

ശരി. ഇനി ഇന്ന് നടന്ന പരിപാടിയെക്കുറിച്ചാകാം.ബാര്‍ട്ടണ്‍ ഹില്‍ എഞ്ജിനീയറിങ്ങ് കോളേജ് നഗരത്തിന്റെ ഉള്ളില്‍ തന്നെ ഉള്ള ഒരു ഗവണ്‍മെന്റ് സ്ഥാപനമാണ്. പി എം ജി യില്‍ നിന്ന് ഏതാണ്ട് ഒന്ന് ഒന്നര കിലോമീറ്റര്‍ അകലെ , ലോ കോളേജിനു അടുത്തായിട്ടു വരും. 1999 ഓഗസ്റ്റിലാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത് . ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ , ഇന്‍ഫര്‍മ്മേഷന്‍ ടെക്നോളജി , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് , മെക്കാനിക്കല്‍ - ഇത്രയും എഞ്ജിനീയറിങ്ങ് വിഭാഗങ്ങളാണ് ഇവിടെയുള്ളത്. താരതമ്യേന ചെറുതാണെങ്കിലും ഇതു സര്‍ക്കാരിന്റെ കോളേജായതു കൊണ്ട് ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ പൊതുവേ സമര്‍ഥരും ചിന്തിക്കുന്നവരുമാണ് എന്നാണെന്റെ തോന്നല്‍.

ഇവിടെ പഠിപ്പിക്കുന്ന രഞ്ജിത് സാര്‍ ഗ്നു ലിനക്സ് യൂസേഴ്സ് ഗ്രൂപ്പിലെ ഒരു അംഗമാണ്. അദ്ദേഹത്തിന്റെ താല്പര്യവും ശ്രമവും കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പരിപാടി അവിടെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. ഒരു പ്രസന്റേഷന്‍ നടത്താന്‍ വകുപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങള്‍ എന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് ചുഴിഞ്ഞാലോചിച്ചു തുടങ്ങി. മെയിലിങ്ങ് ലിസ്റ്റ് വഴി ഉള്ള ചര്‍ച്ചയുടെ ഫലമായി ഒരു ഏകദേശരൂപം ഉണ്ടായിരുന്നെങ്കിലും ഇന്ന് അത് നേരില്‍ കണ്ടപ്പൊഴാണ് അതിന്റെ ആവശ്യകതയും അതിന്റെ ആകെ മൊത്തം ഉള്ള ഫലവും ഞങ്ങള്‍ക്ക് പിടികിട്ടിയത് . എന്തായാലും ഇന്നത്തെ എന്റെ ദിവസം ഇങ്ങനെയായിരുന്നു.

രാവിലെ 10:30 ക്ക് : Zyxware ഓഫീസില്‍ തല കാണിക്കല്‍ . ജോജുവിനെയും കൂട്ടി ഒരു പതിനൊന്നര ആകാറായപ്പോള്‍ അവിടെ നിന്ന് ഇറങ്ങി. അപ്പോഴേക്കും രാജീവും മാനുവലും
ചന്ദ്രേട്ടനും അവിടെ ( ബാര്‍ട്ടണ്‍ ഹില്ലില്‍ ) എത്തിക്കഴിഞ്ഞിരുന്നു.

11:45 : ബാര്‍ട്ടണ്‍ ഹില്ലില്‍ ജോജുവുമൊത്ത് രഞ്ജിത് സാറിനെ അന്വേഷിച്ച് കോളെജില്‍ ചുറ്റിത്തിരിയല്‍ ( വായിനോട്ടമോ ? ഏയ് !)

11:55 : അനൂപ് ജോണും വിമലും എത്തുന്നു, രഞ്ജിത് സാറിനെ വിളിക്കുന്നു, സാറിനെ കണ്ടുമുട്ടുന്നു അപ്പൊഴേക്കും സൂരജ് (സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍) ഞങ്ങളെ തപ്പി വരുന്നു, ആകെ ബഹളം. ഇതിനിടയില്‍ അനൂപ് ജേക്കബും അര്‍ജ്ജുനും എത്തി. എന്നാപ്പിന്നെ അങ്ങട് പോവ്വല്ലേ എന്നു ചോദിച്ച് പ്രസന്റേഷന്‍ എടുക്കേണ്ട ഹാളില്‍ ചെന്നപ്പോ അവിടെ വേറെ ഒരു കുലുമാല് നടന്നീണ്ടിരിക്കുന്നു.അപ്പൊ ഉള്ളില്‍ കേറി അതു അലമ്പാക്കാം എന്നു കരുതി ഒരു സൈഡ് വാരം അലമ്പ് തുടങ്ങിയപ്പൊ പ്രതാപ് ദ ഗ്രേറ്റിന്റെ ഫോണ്‍ വന്നു. അദ്ദേഹം കോളേജിന്റെ മുന്നില്‍ ആകെ കണ്‍ഫ്യൂഷനില്‍ നില്കുകയാണത്രെ. കണ്‍ഫ്യൂഷന്‍ എന്റെ ഒരു 'സ്പെഷ്യാലിറ്റി' ആയോണ്ട് ഞാന്‍ പോയി പുള്ളിയെ വിളിച്ചുകൊണ്ട് വന്നപ്പോഴേക്കും അകത്ത് നടന്നോണ്ടിരുന്ന സെറ്റപ്പ് തീര്‍ന്നു എന്നു അനൗണ്‍സ്മെന്റ് കേട്ടു. അപ്പോ എന്നാ പരിപാടി തുടങ്ങുകയല്ലെ എന്ന ഭാവത്തില്‍ ഉള്ളെ കേറി. ആകെ മൊത്തം ഒരു മൊട ലൈനില്‍ തന്നെ.പരിപാടി ശടേ എന്നങ്ങ് തുടങ്ങുകേം ചെയ്തു. ഇതിന്റയില്‍ ലാപ്ടോപ്പ് കോണ്ട് ഡെമോ , ക്യാമറ കൊണ്ട് ഡെമോ ഒക്കെ നടക്കുന്നുണ്ട് ;)

വിമലാണ് ആദ്യത്തെ 'ടോക്ക്' നടത്തിയത്. സ്വതന്ത്രസോഫ്റ്റ്വേര്‍ എന്താണ് , ഒരു സോഫ്റ്റ്വേര്‍ സ്വതന്ത്രസോഫ്റ്റ്വെയറായി അംഗീകരിക്കപ്പെടണമെങ്കില്‍ എന്തൊക്കെ മാനദണ്ഡങ്ങള്‍ പാലിക്കണം എന്നതിനെക്കുറിച്ചൊക്കെ വിമല്‍ സംസാരിച്ചു. വിവിധ ലൈസന്‍സുകളെ പറ്റിയും , ഗ്നു പ്രോജക്റ്റിന്റെ പിറവിയേയും ഉദ്ദേശത്തെക്കുറിച്ചും പുള്ളി പറഞ്ഞു. ലിനക്സ് കെര്‍ണല്‍ എങ്ങനെ ഗ്നു വിനു ഒരു മുതല്‍കൂട്ടായി , ഇപ്പോള്‍ ഗ്നു വിന്റെയും ലിനക്സിന്റെയും സ്ഥിതി എന്താണ് എന്നും ഞങ്ങള്‍ക്ക് മനസ്സിലാക്കിത്തന്നു.

അടുത്തതായി പ്രതാപ് ജീയും അനൂപ് ജോണും രംഗം കീഴടക്കി. സ്വതന്ത്രസോഫ്റ്റ്വേര്‍ ഒരു കരിയര്‍ ആകുന്നതെങ്ങനെ , ഒരു സ്വതന്ത്രസോഫ്റ്റ്വേര്‍ പ്രോഗ്രാമറും സാധാരണ ഒരു സര്‍വീസ് ഇന്‍ഡസ്ട്രി പ്രോഗ്രാമറും തമ്മിലുള്ള വ്യത്യാസം , ഒരു സ്വതന്ത്രസോഫ്റ്റ്വേര്‍ പ്രോഗ്രാമറുടെ 'ഗീക്ക് ഇമേജ്' (geek image) ഇതിനെക്കുറിച്ചൊക്കെ അവര്‍ സംസാരിച്ചു.അവര്‍ വേറെ കാര്യങ്ങളും സംസാരിച്ചെങ്കിലും ഞാന്‍ ചന്ദ്രേട്ടന്റെ പ്രസന്റേഷന്‍ 'സെറ്റപ്പ്' ചെയ്യാന്‍ പോയോണ്ട് അതൊന്നും കേട്ടില്ല. ഇവര്‍ സംസാരിച്ചു തീര്‍ന്നപ്പൊഴേക്കും ചന്ദ്രേട്ടനെ ഞങ്ങള്‍ ഒരു മുഖവുരയുമില്ലാതെ അങ്ങ് അവതരിപ്പിച്ചു.

ചന്ദ്രേട്ടന്‍ ആകെ മൊത്തം ഒരു സംഭവമാണ്.വയസ്സ് 60 നോടടുത്ത്. വിദ്യാഭ്യാസയോഗ്യത പത്താം തരം. വിമുക്ത ഭടന്‍ , റബ്ബര്‍ കര്‍ഷകന്‍.ഡെബിയന്‍ ലിനക്സ് യൂസര്‍ , പിന്നെ വളരെ സജീവമായ ഒരു ബ്ളോഗിന്റെ ഉടമസ്ഥന്‍. ഇദ്ദേഹം തന്റെ കമ്പ്യൂട്ടര്‍ പഠനത്തെക്കുറിച്ചും വിന്ഡോസ് ചരിത്രത്തെക്കുറിച്ചും ഒക്കെ സംസാരിച്ചു. പിന്നീട് ഡെബിയനിലെത്തിയതിനെക്കുറിച്ചും ഒരു സമ്പൂര്‍ണ്ണ സ്വതന്ത്രസോഫ്റ്റ്വേര്‍ ഉപയോക്താവായതിനെക്കുറിച്ചുമൊക്കെ അദ്ദേഹം പറഞ്ഞു . ഒരു സാധാരണ കര്‍ഷകന് കംപ്യൂട്ടറും ഇന്റര്‍നെറ്റും വളരെയധികം പ്രയോജനപ്പെടുന്നതെങ്ങിനെ എന്നു പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇദ്ദേഹം ഇന്ന് സ്വന്തം അനുഭവങ്ങള്‍ പങ്കു വെച്ചപ്പോഴാണ്. ഇന്റര്‍നെറ്റു വഴി റബ്ബര്‍ മരങ്ങളെ ബാധിക്കുന്ന രോഗങ്ങളെപ്പറ്റി മനസ്സിലാക്കാനും സംശയങ്ങള്‍ തീര്‍ക്കാനും കഴിഞ്ഞതിനെക്കുറിച്ചും , മറ്റൊരു രോഗം പുതുതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെക്കുറിച്ചും ഒക്കെ പുള്ളി പറഞ്ഞു. ഓപ്പണ്‍ ഓഫീസ് ഉപയോഗിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയും അവയെ അപഗ്രഥിക്കുകയും ഒക്കെ ചെയ്യാന്‍ തനിക്കു സാധിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ചന്ദ്രേട്ടന്‍ നിര്‍ത്തിയത് തന്നെ പോലെയുള്ള സാധാരണക്കാരായ ആള്‍ക്കാര്‍ക്ക് ഉപയുക്തമായ സോഫ്റ്റ്വേറും ഹാര്‍ഡ്വേറും ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ്.

അപ്പൊഴേക്കും നമ്മുടെ ചുണക്കുട്ടികള്‍ , രാജീവും മാനുവേലും കോമ്പിസ് ഡെമോയുമായി റെഡി ആയിരുന്നു. അവന്മാര്‍ വിന്‍ഡോസ് വിസ്റ്റയുടെ അവകാശവാദങ്ങള്‍ എന്തൊക്കെ എന്നാണ് ആദ്യം പറഞ്ഞത് . എന്നിട്ട് സ്വതന്ത്രസോഫ്റ്റ്വേര്‍ സമൂഹം വികസിപ്പിച്ച കോമ്പിസ് പിള്ളേര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. അതിനൂതനമായി ഈ സമയത്ത് നമ്മളുടെ ഡെസ്ക്ടോപ്പും അതിനൂതനമായിരിക്കണം എന്ന വാദത്തോടെ അവര്‍ ഒരു 'ദൃശ്യവിസ്മയം' ഒരുക്കി. 5 മിനുട്ടേ കിട്ടിയുള്ളുവെങ്കിലും കോമ്പിസിന്റെ മാസ്മരികതയും അതിന്റെ ഹാര്‍ഡ്വേര്‍ ആവശ്യകത മറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലുള്ള ഗ്രാഫിക് സബ് സിസ്റ്റങ്ങളിലേതിനേക്കാളും കുറവാണ് എന്നുള്ളതും ഒക്കെ അവര്‍ ഭംഗിയായി അവതരിപ്പിച്ചു.

Contribute എന്ന വാക്കും സ്വതന്ത്രസോഫ്റ്റ്വേറിനെ സംബന്ധിച്ച് ആ വാക്കിനുള്ള പ്രാധാന്യവും എന്തെന്ന് മനസ്സിലാക്കിക്കൊടുക്കാനായി ഞാന്‍ എടുത്ത അഞ്ചു മിനിട്ടും കഴിഞ്ഞപ്പൊ ഞങ്ങളുടെ പരിപാടി പൂര്‍ത്തിയായി. ഇനി പിള്ളേരുടെ ഫീഡ്ബാക് കിട്ടിയിട്ട് വേണം അടുത്ത തവണ വരുത്തേണ്ട , മാറ്റങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍.

ഇന്ന് അവിടെ നിന്നിറങ്ങുമ്പോള്‍ എന്തോ നല്ല കാര്യം ചെയ്ത പോലെ ഒരു സംതൃപ്തി ഉണ്ടായിരുന്നു. :)

ചിത്രങ്ങള്‍ ഇതാ ഇവിടെ

4 comments:

Anonymous said...

ആശിക്,
ആദ്യമായി ഇത്തരത്തില്‍ ഒരവതരണത്തിന് നമുക്ക് അവസരം ലഭിച്ചത് നല്ലൊരു തുടക്കം തന്നെയാണ്. സെറ്റപ്പിലും മറ്റും ചെറിയ പാളിച്ചകള്‍ ഉണ്ടായത് അടുത്തതില്‍ തീര്‍ച്ചയായും തിരുത്തണം. പ്രസെന്റേഷനുകള്‍ അടുക്കും ചിട്ടയുമായിത്തന്നെ അവതരിപ്പിക്കണം. ഇത്രയും വിശദമായ ഒരു പോസ്റ്റിട്ടതിന് നന്ദി.

ranjith said...

A meeting of Free Software Cell is planned on Monday/Tuesday and can give feed back after that . How do you type malayalam in blogs?

CarbonMonoxide said...

@ranjith sir

try looking at http://fci.wikia.com/wiki/smc

A Cunning Linguist said...

കൊല്ലത്തും SSUG-യുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുവാന്‍ ഞാനൊരു ശ്രമം നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ എന്റെ കോളെജ് പഠനം കഴിഞ്ഞതിനാലും എനിക്ക് ആ സമയത്ത് ഒരു ജോലി കിട്ടിയതിനാലും എനിക്കാ ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടി (ഉപേക്ഷിക്കേണ്ടി എന്ന് പറഞ്ഞാല്‍ ശരിയാകില്ല, പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു) വന്നു. കൊല്ലത്ത് സമാനചിന്താ ഗതിക്കാരായി ആരെങ്കിലും ഉള്ളതായി അറിയുമോ... നിങ്ങളുടെ സഹായം അവിടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...